ദോഹ: മൊബൈല്‍ ഫോണുകളില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും മെസേജുകളും പകര്‍ത്തി ഉപഭോക്താക്കളെ ബ്ളാക്മെയില്‍ ചെയ്ത മൊബൈല്‍ സര്‍വീസ് സെന്‍ററുകളിലെ ജീവനക്കാരെ ഖത്തര്‍ സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തു. റിപ്പയറിംഗിനായി കടകളില്‍ നല്‍കുന്ന സ്മാര്‍ട്ട് ഫോണുകളിലെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയ സംഭവങ്ങളിലാണ് 35-ലധികം പേരെ അറസ്റ്റ് ചെയ്തതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. അറസ്റ്റിലായവരെല്ലാം ഏഷ്യന്‍-അറബ് വംശജരാണ്.
ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വദേശികളും വിദേശികളുമായ ഉള്‍പ്പെടെയുളളവരില്‍ നിന്ന് വന്‍തുക ഇവര്‍ ഈടാക്കിയതായും സി.ഐ.ഡി വിഭാഗം അറിയിച്ചു. ഇവരുടെ ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍വീസിനായി നല്‍കുന്ന ഫോണുകളില്‍ നിന്ന് ഉടമകളുടെ അനുമതിയില്ലാതെ ഫോട്ടോകുളം വീഡിയോകളും സര്‍വീസ് സെന്‍ററിലെ ജീവനക്കാര്‍ പകര്‍ത്തുന്നതായി ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് സി.ഐ.ഡി വിഭാഗം അന്വേഷണം ആരംഭിച്ചത്. നിരവധി മെബൈല്‍ സര്‍വീസ് സെന്‍ററുകളില്‍ റെയ്ഡ് നടത്തുകയും ഇത്തരത്തില്‍ കോപ്പി ചെയ്യപ്പെട്ട ഫോട്ടോകളും വീഡിയോകളും കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായര്‍ കുറ്റം സമ്മതിച്ചതായും സി.ഐ.ഡി അധികൃതര്‍ പറഞ്ഞു. സി.ഐ.ഡിയുടെ സൈബര്‍ ക്രൈം കോമ്പാറ്റിംഗ് സെന്‍ററാണ് ഹീനകൃതം കണ്ടത്തെിയത്.
മൊബൈല്‍ ഫോണുകള്‍ സര്‍വീസിനായി നല്‍കുമ്പോള്‍ ആളുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു. മൊബൈല്‍ കടകളില്‍ നിന്ന് സോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണം. ഐ ക്ളൗഡ് പോലുളള അപ്ളിക്കേഷനുകള്‍ സര്‍വീസ് സെന്‍ററുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇമെയില്‍ വിവരങ്ങള്‍ കടക്കാര്‍ക്ക് നല്‍കേണ്ടി വരും. ഇത് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ഒരാളുടെ ഫോണില്‍ നിന്ന് അനുമതിയില്ലാതെ ഫോട്ടോകുളം വീഡിയോകളും പകര്‍ത്തുന്നത് രാജ്യത്ത് നിയമവിരുദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
മൊബൈലുകള്‍ സര്‍വീസിന് നല്‍കുമ്പോള്‍ സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങളെ ഓര്‍മിപ്പിക്കുന്നു.

No comments