നാദാപുരം: കുമ്മങ്കോട് കനവത്ത് അബ്ദുള്ളക്കയെ അറിയാത്തവർ നാദാപുരം മേഖലയിൽ വിരളമായിരിക്കും. ജീവിതത്തിൽ എളിമയും, നിഷ്കളങ്കതയും കാത്തു സൂക്ഷിക്കുന്ന ഈ കുമ്മങ്കോട്ടുകാരാൻ നിറങ്ങളുടെ കൂട്ടുകാരനായിട്ട് വർഷങ്ങൾ ചില്ലറയൊന്നുമല്ല പിന്നിടുന്നത്. പതിനഞ്ചാം വയസ്സിൽ കയ്യിലെടുത്ത പെയിൻറ്റിങ്ങ് ബ്രഷ് രൂപം മാറിയെങ്കിലും അൻപത്തി ആറാം വയസ്സിലും അവുള്ളക്കായുടെ കയ്യിലുണ്ട്. കക്ക ചൂടാക്കി ചുണ്ണാമ്പ് വെള്ളത്തിൽ ചുമരുകൾക്ക് വെള്ള പൂശിയ കാലം മുതൽ മാറ്റത്തിൻറെ വിവിധ ഘട്ടങ്ങൾ പിന്നിട്ട് എമർഷനിലും, പുട്ടിങ്ങിലും എത്തി നിൽക്കുന്ന ന്യൂജി കാലഘട്ടത്തിലും അവുള്ളക്ക ഈ ഫീൽഡിൽ തുടരുന്നു. ഇരുപത്തിഅഞ്ചോളം തൊഴിലാളികൾ ഇന്ന് അവുള്ളക്കായുടെ കീഴിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ മുതലാളിയുടെ പരിവേശമില്ല, കോണ്ടാക്ടറുടെ കൽപ്പനയില്ല, അവരിൽ ഒരുവനായി നിറങ്ങളുടെ കൂട്ടൊരുക്കാനും, കരിപുരണ്ട ചുമരുകളിൽ നിറം പകരാനും അവുള്ളക്കയും കൂടെയുണ്ടാകും.. രണ്ട് തൊഴിലാളികൾ കീഴിൽ വരുമ്പോഴേക്കും കറങ്ങുന്ന കസേരയിലിരുന്ന് കാര്യങ്ങൾ കൽപ്പിക്കുന്നവരും പൊങ്ങച്ചം നടിക്കുന്നവരുമുള്ള വർത്തമാന കാലത്ത് അവുള്ളക്കായുടെ രീതി തീർത്തും വ്യത്യസ്ഥമാണ്. ചെറു പ്രായത്തിൽ സംഭവിച്ച ഒരു അപകടത്തിൻറെ ആഘാതം വലതു കയ്യിൽ അവശേഷിക്കുമ്പോഴും മറു കയ്യിൽ നിന്നും വിരിയുന്ന വർണ്ണങ്ങളുടെ കയ്യൊപ്പിന് ഒരു നാടിൻറെ പ്രശംസയുണ്ട്, നാട്ടുകാരുടെ വിശ്വാസ്യതയുണ്ട്. ഈ കൈകൾ തൊടാത്ത വീടുകൾ നാദാപുരം- കുമ്മങ്കോട് ഭാഗങ്ങളിൽ വിരളമായിരിക്കും. പല തവണ നാദാപുരം ജുമുഅത്ത് പള്ളിയുടെ പരിപാലനത്തിന് നേതൃത്വം നകിയതും കനോത്ത് തന്നെയാണ്. ആദ്യമായൊരു ജോലി മോഹിച്ചവർക്ക് അത്താണിയായിരുന്നു അവുള്ളകായുടെ പെയിൻറ്റിങ്ങ് കമ്പനി. അത് കൊണ്ട് തന്നെ ഇദ്ധേഹത്തിൻറെ കയ്യിൽ നിന്ന് ആദ്യ കൂലി മേടിച്ചവർ നാദാപുരം മേഖലയിൽ നിരവധിയുണ്ടാകും... നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും വലിയ സ്വപ്നങ്ങളും, അതി മോഹവുമില്ല,, അധ്വാനിച്ചു കഴിയാൻ ആരോഗ്യമുണ്ടാകണമെന്നുള്ള പ്രാർത്ഥന മാത്രം... അള്ളാഹു അനുഗ്രഹിക്കട്ടെ,,
(നാട്ടിൻ പുറത്തെ വ്യതസ്ഥരായ ചില വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന നാട്ടുവിശേഷം ഫീച്ചർ തുടരും)
No comments