കണ്ണീരണിഞ്ഞ് ജാതിയേരി ഗ്രാമം..............
നാദാപുരം: പ്രാണവായുവിന് വേണ്ടി പിടഞ്ഞ സുഹൃത്തിൻറെ രക്ഷകനായി മരണത്തിലേക്ക് വഴുതി വീണ ജാതിയേരിയിലെ കല്ലുമ്മൽ പനച്ചിക്കൂൽ മൊയ്തുവിൻറെ മകൻ മുഹമ്മദിൻറെ ആകസ്മിക വിയോഗത്തിൽ ഒരു നാടിൻറെ തേങ്ങൽ അടങ്ങുന്നില്ല. ചെറുപ്രായത്തിലേ മുറ്റത്തെ തഴുകി ഒഴുകുന്ന മയ്യഴി പുഴയുടെ അരുമയായി വളർന്ന മുഹമ്മദിൻറെ ധീരതയും, അർപ്പണ ബോധവും നാട്ടുകാർക്ക് നന്നായറിയാം. മൂന്ന് വർഷം മുമ്പ് കല്ലാച്ചിയെ കണ്ണീരിലാഴ്ത്തി ഈ പുഴയുടെ ആഴങ്ങളിലേക്ക് താഴ്ന്നുപോയ ഫഹദ് എന്ന കുട്ടിയുടെ തിരച്ചിലിനുവേണ്ടി മുന്നിലുണ്ടായിരുന്ന മുഹമ്മദിനെ കുറിച്ച് പറയാൻ കൂട്ടുകാർക്ക് നൂറു നന്മകൾ മാത്രം. മരണത്തിന് മിനുട്ടുകൾക്ക് മുമ്പേ ഫോണിലൂടെയും വാട്സപ്പിലും, സംവദിച്ച കൂട്ടുകാരൻറെ മരണ വാർത്ത പലർക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല. തിമിർത്തു പെയ്ത മഴയിൽ കരകവിഞ്ഞൊഴുകിയ പുഴയുടെ വിരിമാറിൽ പ്രാണന് വേണ്ടി പിടയുന്ന കൂട്ടുകാരൻ സിയാദിൻറെ രക്ഷക്ക് വേണ്ടിയാണ് മുഹമ്മദ് പുഴയിലേക്ക് ചാടിയത്. അതി സാഹസികമായ ശ്രമത്തിലൂടെ കൂട്ടുകാരന് പ്രാണ വായു നൽകി മുഹമ്മദ് പുഴയെ തോൽപ്പിച്ച് കളഞ്ഞത് സ്വന്തം ജീവൻ അർപ്പിച്ചു കൊണ്ടാണ്. ഈ ധീരതക്ക് മുമ്പിൽ മയ്യഴിയുടെ മണൽ തരികൾ മാത്രമല്ല ഒരു ദേശമൊന്നടങ്കം കണ്ണുനീർ പൊഴിക്കുകയാണ് . ജീവിത സ്വപ്നങ്ങളുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്നതെയുള്ളൂ ഈ ഇരുപതുകാരൻ. ബിഫാം കഴിഞ്ഞ് നാദാപുരം ഗവ: ആശുപത്രി ഫാർമസിയിൽ ട്രയിനിംഗ് ചെയ്തു വരികയായിരുന്ന മുഹമ്മദ് ഒരു കുടുംബത്തിൻറെ ആശ്രയവും, നാടിൻറെ പ്രതീക്ഷയുമായിരുന്നു. ആമീൻ മയ്യത്ത് ജാതിയേരിയിൽ എത്തുമ്പോഴേക്കും രാത്രി പത്തു മണി കഴിഞ്ഞിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുളിയാവ് മഞ്ചേരി പള്ളിയിൽ ഖബ്റടക്കി..

No comments