
തിരുവനന്തപുരം:പഠിപ്പുമുടക്ക് സമരങ്ങള്‍ എസ്.എഫ്.ഐ. ഉപേക്ഷിക്കണമെന്ന നിലപാട് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ തിരുത്തി.
വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവമനുസിച്ച് അനിവാര്യമായ സാഹചര്യത്തില്‍ പഠിപ്പുമുടക്ക് സമരമാകാമെന്ന് സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചു. എന്നാല്‍, പഠിപ്പുമുടക്കുസമരം അവസാനത്തെ ആയുധമാകണം. ഏറെ കരുതലോടെ മാത്രമേ പഠിപ്പുമുടക്ക് പ്രഖ്യാപിക്കാവൂയെന്നും സി.പി.എം. സംസ്ഥാന സമിതി രേഖ നിര്‍ദേശിക്കുന്നു.
സി.പി.എം. സംസ്ഥാന സമിതിയോഗത്തില്‍ ഞായറാഴ്ച അവതരിപ്പിച്ച വിദ്യാര്‍ഥി സംഘടനാരംഗം സംബന്ധിച്ച രേഖയിലാണ് ഈ കാഴ്ചപ്പാട് മുന്നോട്ടുെവച്ചത്. സി.പി.എമ്മിലെ വിദ്യാര്‍ഥി സംഘടനാ രംഗത്തിന്റെ ചുമതലക്കാരനായ ഇ.പി. ജയരാജന്‍ തന്നെയാണ് ഈ രേഖയും സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്.
പഠിപ്പുമുടക്ക് സമരം എസ്.എഫ്.ഐ. ഉപേക്ഷിക്കണമെന്ന് പൊതുവേദിയില്‍ ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടതിനെതിരെ കടുത്ത വിമര്‍ശനമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. ഇ.പി. ജയരാജന്‍ തന്റെ അഭിപ്രായം പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. പരസ്യമായ ഈ അഭിപ്രായപ്രകടനം പാര്‍ട്ടിയണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. സമരത്തിനുവേണ്ടി ആരും സമരം ചെയ്യരുതെന്ന കാഴ്ചപ്പട് ശരിയാണ്. പക്ഷേ, അനിവാര്യമായ സാഹചര്യത്തില്‍ സമരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിലനില്പില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.
സ്വാശ്രയ രംഗത്തെ പ്രശ്‌നങ്ങള്‍ സി.പി.എം. വിശദമായി പഠിക്കണമെന്ന് ചര്‍ച്ചയില്‍ പല അംഗങ്ങളും ആവശ്യപ്പെട്ടു. പല സ്വാശ്രയ സ്ഥാപനങ്ങളിലും യോഗ്യതയില്ലാത്തര്‍ പഠിപ്പിക്കുന്നു. പലസ്ഥലത്തും വളരെ മോശമായ പരീക്ഷാഫലമാണ്. ഈ മൂല്യത്തകര്‍ച്ച ശാസ്ത്രീയമായി പഠിച്ചശേഷം സമരത്തിന് പാര്‍ട്ടിയും എസ്.എഫ്.ഐ.യും നേതൃത്വം കൊടുക്കണമെന്നും ചര്‍ച്ചയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ഇ.പി. ജയരാജന്‍, തന്റെ കാഴ്ചപ്പാട് സംബന്ധിച്ച് വിശദീകരണം നല്‍കി. ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച രേഖ പാര്‍ട്ടിയണികള്‍ക്ക് പാര്‍ട്ടി കാഴ്ചപ്പാട് വ്യക്തമാക്കിക്കൊടുക്കുന്നതാണെന്നും തന്റെ മുന്‍നിലപാട് താന്‍ തിരുത്തുകയാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി എന്നിവിടങ്ങളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന മഹിളാ സംഘടനാരംഗം സംബന്ധിച്ച രേഖയും സംസ്ഥാന സമിതി അംഗീകരിച്ചു.
No comments